
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ രോഗി സന്ദർശകർക്ക് പുതിയ ക്രമീകരണം ഏർപ്പെടുത്തിയത് സന്ദർശകരെ വലയ്ക്കുന്നു.ഇതുമൂലം ഇടുക്കി, പത്തനംതിട്ട, എറണാകുളം തുടങ്ങിയ ദൂര ജില്ലകളില്‍നിന്നു വരുന്ന സന്ദർശകരെ വിഷമത്തിലാക്കുകയാണ്.
കഴിഞ്ഞ ദിവസം മുതല്‍ പാസ് നല്‍കുന്ന കൗണ്ടറില്‍ കംപ്യൂട്ടർ വത്കരണം നടത്തിയിരുന്നു. ഇനി മുതല്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയിലുള്ള രോഗികളെ കാണാൻ പാസെടുക്കാൻ ക്യൂവില്‍ നില്‍ക്കുന്ന സന്ദർശകർക്ക് രോഗിയുടെ പേര്, വാർഡ്, ഐപി നമ്ബർ, ഫോണ്‍ നമ്ബർ എന്നിവയെല്ലാം അറിഞ്ഞിരിക്കണം.
പാസ് നല്‍കുന്ന കൗണ്ടറില്‍ സന്ദർകരോട് രോഗിയെ സംബന്ധിച്ചുള്ള ഈ വിവരങ്ങള്‍ തിരിക്കി കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയതിന് ശേഷമേ പാസ് നല്‍കുകയുള്ളൂ. ഒരാള്‍ക്ക് മൂന്ന് പാസ് മാത്രമേ നല്‍കുകയുള്ളൂ. 10 രൂപയാണ് പാസ് നിരക്ക്. ഒരു രോഗിയുടെ പേരില്‍ മൂന്ന് സന്ദർശകർ പാസെടുത്ത് വാർഡിലേക്ക് കയറി പോയി കഴിഞ്ഞാല്‍ ഒരു മണിക്കൂർ കഴിഞ്ഞു മാത്രമേ ആ രോഗിയെ കാണാൻ വരുന്ന മറ്റു സന്ദർശകർക്ക് പാസ് നല്‍കുകയുള്ളൂ. ഇത് ദൂര ജില്ലകളില്‍നിന്നു വരുന്ന സന്ദർശരെ വിഷമത്തിലാകും.ഇതര ജില്ലയില്‍നിന്ന് ഒരു രോഗിയെ കാണാൻ അഞ്ച് ബന്ധുക്കളായ സന്ദർശകരെത്തിയാല്‍ ഇവരില്‍ മൂന്നുപേർക്ക് മാത്രമേ പാസ് ലഭിക്കുകയുള്ളു. രണ്ടു പേർക്ക് രോഗിയെ കാണമെങ്കില്‍ കൂടെ വന്നവർ പുറത്തിറങ്ങണം. ഈ രോഗിയെ കാണാൻ മറ്റു ചില ബന്ധുക്കളെത്തി പാസ് എടുക്കുന്ന ക്യൂവിന്‍റെ മുൻനിരയില്‍ ഇടം പിടിച്ചാല്‍ ഇതര ജില്ലയില്‍നിന്നുവന്ന രണ്ട് പേർക്ക് പാസ് കിട്ടാതെ വീണ്ടും കുഴയും.
ഇത്തരത്തില്‍ ദൂരെ സ്ഥലങ്ങളില്‍നിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ബന്ധുവായ രോഗിയെ കണ്ട് ഉടനെ തിരിച്ചുപോകാം എന്നു കരുതി വരുന്നവർക്ക് പുതിയ ക്രമീകരണം വലിയ തിരിച്ചടിയാണ് നല്‍കുന്നത്. ഒരു സമയം മൂന്നു സന്ദർശകർക്കു മാത്രമേ പ്രവേശന പാസ് നല്‍കുകയുള്ളുവെന്ന ആശുപത്രി അധികൃതരുടെ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്..
ഉച്ചയ്ക്ക് ഒന്നര മുതല്‍ പാസ് നല്‍കി തുടങ്ങും. എന്നാല്‍ രോഗിയുടെ പേരും വാർഡും മാത്രമേ ഒട്ടുമിക്ക സന്ദർശകർക്ക് അറിയാൻ കഴിയൂ. ഐപി നമ്ബരോ, ഫോണ്‍ നമ്ബരോ മറ്റോ അറിയാൻ സാധിക്കില്ല. ഇത് അറിയാത്ത ബന്ധുക്കളും പാസ് കിട്ടാൻ വിഷമിക്കേണ്ടിവരും. പുതിയ ക്രമീകരണം ഏർപ്പെടുത്തിയതോടെ പാസ് കൗണ്ടറിന് മുമ്ബില്‍ വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്.