
ഡല്‍ഹി: ചില വോട്ടുകള്‍ ഒഴിവാക്കാൻ ചിലർ ശ്രമിക്കുന്നത് യാദൃച്ഛികമായാണ് കണ്ടെത്തിയതെന്നും എത്ര വോട്ടുകള്‍ ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടെന്ന് പലർക്കും അറിയില്ലെന്നും രാഹുല്‍ ഗാന്ധി.
കർണാടകയിലെ അലന്ദ് മണ്ഡലത്തില്‍ പിടിക്കപ്പെട്ട സംഭവങ്ങളും അദ്ദേഹം അവതരിപ്പിച്ചു.
”അലന്ദ് മണ്ഡലത്തില്‍ 6018 വോട്ടുകള്‍ നീക്കംചെയ്യാൻ ആരോ ശ്രമിച്ചിട്ടുണ്ട്. 2023-ലെ തിരഞ്ഞെടുപ്പില്‍ അലന്ദിലെ എത്ര വോട്ടുകള്‍ നീക്കിയെന്ന് അറിയില്ല. അത് ചിലപ്പോള്‍ 6018-ലും കൂടുതലായിരിക്കും. തന്റെ അമ്മാവന്റെ വോട്ടുനീക്കിയത് ഒരു ബൂത്ത് ലെവല്‍ ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ആരാണ് അമ്മാവന്റെ വോട്ട് നീക്കിയതെന്ന് അവർ പരിശോധിച്ചു. സ്വന്തം അയല്‍ക്കാരനാണ് അത് ചെയ്തതെന്നുകണ്ടെത്തി. എന്നാല്‍, അയല്‍ക്കാരനോട് ചോദിച്ചപ്പോള്‍ അയാള്‍ക്ക് ഇക്കാര്യത്തില്‍ അറിവുണ്ടായിരുന്നില്ല. വോട്ടർപ്പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെടുന്നവരോ നീക്കുന്നവരോ ഒന്നും അറിയുന്നില്ല. പുറത്തുനിന്നുള്ള ചിലർ ഹൈജാക്ക്ചെയ്ത് വോട്ടുകള്‍ നീക്കംചെയ്യുകയാണ്” – രാഹുല്‍ ആരോപിച്ചു.
ദശലക്ഷക്കണക്കിന് വോട്ടുകളാണ് ഇത്തരത്തില്‍ രാജ്യത്താകമാനം നീക്കംചെയ്യുന്നത്. പ്രധാനമായും, പ്രതിപക്ഷത്തിന് വോട്ടുചെയ്യുന്ന ദളിതർ, ഗോത്രവിഭാഗക്കാർ, പിന്നാക്കക്കാർ, മുസ്ലിങ്ങള്‍ എന്നിവരുടെ വോട്ടുകളാണ് നീക്കുന്നത്. ഇത് മുൻപ് പലതവണ കേട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ 100 ശതമാനം തെളിവോടെ പുറത്തുവന്നിരിക്കയാണ്” – രാഹുല്‍ പറഞ്ഞു.
പുറത്തുവിട്ട തെളിവുകള്‍
* 12 വോട്ടർമാരെ ഒഴിവാക്കുന്നതിന് ഉപയോഗിച്ചത് ഗോദബായ് എന്ന സ്ത്രീയുടെ പേര്. പക്ഷേ, ഒഴിവാക്കല്‍ ശ്രമം പരാജയപ്പെട്ടു. വ്യാജ ലോഗിൻ ഉപയോഗിച്ചതായി കണ്ടെത്തി. ഗോദബായിക്ക് ഇതേപ്പറ്റി ഒരറിവുമില്ലായിരുന്നു. (ഗോദബായിയുടെ പ്രതികരണം പ്രദർശിപ്പിച്ചു).
* തട്ടിപ്പിന് ഉപയോഗിച്ചിരിക്കുന്നത് കർണാടകയ്ക്ക് പുറത്തുള്ള മൊബൈല്‍ നമ്ബറുകള്‍. ഇവ ആരുടേത്? ആരാണ് ഇവ ഉപയോഗിക്കുന്നത്? എവിടെയെല്ലാം വെച്ചാണ് ഉപയോഗിക്കുന്നത്? ഒടിപികള്‍ കൈമാറുന്നത്
ആര്?
* 14 മിനിറ്റിനുള്ളില്‍ 12 ഒഴിവാക്കല്‍ പരാതികള്‍ സമർപ്പിച്ചത് സൂര്യകാന്ത് എന്ന പേരില്‍. ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട ഒരു പേര് ബബിത ചൗധരിയുടേത്. (സൂര്യകാന്തിനെയും ബബിതയെയും രാഹുല്‍ ഗാന്ധി പത്രസമ്മേളനവേദിയില്‍ ഹാജരാക്കി. തന്റെ പേരുപയോഗിച്ച് നല്‍കപ്പെട്ട അപേക്ഷകളെപ്പറ്റി തനിക്കൊന്നുമറിയില്ലെന്ന് സൂര്യകാന്ത്. ബബിതയും ഒന്നുമറിഞ്ഞില്ല.)
* വെറും 36 സെക്കൻഡില്‍ രണ്ടുപരാതികള്‍ സമർപ്പിച്ചത് നാഗരാജ് എന്ന പേരില്‍. ഇദ്ദേഹം പുലർച്ചെ 4.07-നാണ് ഇത് സമർപ്പിച്ചത്
*ബൂത്ത് വർക്കറോ വ്യക്തികളോ അല്ല തട്ടിപ്പുചെയ്തതെന്ന് വ്യക്തം. സോഫ്റ്റ്വെയർ ഉപയോഗിച്ച് പ്രത്യേക കേന്ദ്രത്തില്‍ ആസൂത്രണംചെയ്തതാണ്. ഒഴിവാക്കപ്പെട്ട പേരുകള്‍ മിക്കതും ഒന്നാമത്തെ സീരിയല്‍ നമ്ബറാണ്. അതായത് ബൂത്തിലെ ഒന്നാമത്തെ പേരുകാർ. ഓരോ ബൂത്തിലെയും ഒന്നാമത്തെ പേരുകാരാണ് ഒഴിവാക്കപ്പെടുന്നതെന്ന് കാണിക്കുന്നവിധം ഓട്ടോമേറ്റഡ് സോഫ്റ്റ് വെയർ ഇതിനായി ഉപയോഗിച്ചു. കർണാടകയ്ക്ക് പുറത്തുള്ളകാള്‍സെന്റർ കേന്ദ്രീകരിച്ചാണ് പ്രവർത്തനമെന്നാണ് സംശയം.