
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കാറോടിച്ചിരുന്ന യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മുളക്കുളം ഭാഗത്തുനിന്ന് അമിതവേഗത്തില്‍ എത്തിയ കാർ റോഡരികില്‍ നാട്ടുകാരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന മോൻസ് ജോസഫ് എംഎല്‍എയുടെ നേർക്ക് പാഞ്ഞെത്തുകയായിരുന്നു. നാട്ടുകാരില്‍ ചിലർ പെട്ടന്നുതന്നെ എംഎല്‍എയെ പിടിച്ചുമാറ്റിയതിനാല്‍ അപകടം ഒഴിവായി.
തുടർന്ന് നിർത്താതെ വേഗത്തില്‍ മുന്നോട്ട് പോകാനായി ശ്രമിച്ച കാറിന്റെ മുൻവശം റോഡില്‍ ഇറക്കിയിട്ടിരുന്ന മണ്ണില്‍ ഇടിച്ചുനിന്നു. വീണ്ടും പിന്നോട്ടെടുത്ത കാർ നാട്ടുകാരായ രണ്ടുപേരുടെ ദേഹത്തും തട്ടി. ഇതോടെ അവിടെയുണ്ടായിരുന്ന ആളുകള്‍ ചേർന്ന് വാഹനം തടയുകയും ഡ്രൈവറെ പുറത്തിറക്കുകയും ചെയ്തപ്പോഴാണ് വാഹനമോടിച്ചയാള്‍ മദ്യലഹരിയിലിലായിരുന്നുവെന്ന് മനസിലായത്. നാട്ടുകാരില്‍ പലർക്കും പരിചയമുള്ള ആളായിരുന്നു യുവാവ്. സംഭവത്തില്‍ മോൻസ് ജോസഫ് എംഎല്‍എ പരാതിയൊന്നും നല്‍കിയിട്ടില്ല. സംഭവമറിഞ്ഞ് വെള്ളൂർ പോലീസും സ്ഥലത്ത് എത്തിയിരുന്നു