
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
2025 വർഷത്തെ ഉത്സവം ജൂണ്‍ 8 മുതല്‍ ജൂലൈ 4 വരെ നടക്കും. കഴിഞ്ഞ വർഷം ഏകദേശം 30 ലക്ഷം ഭക്തർ എത്തിച്ചേർന്ന കൊട്ടിയൂരില്‍ ഇത്തവണയും അത്രത്തോളം ഭക്തരെ പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി. മുൻ വർഷങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടിട്ടും കാര്യമായ ബുദ്ധിമുട്ടുകളില്ലാതെ ഉത്സവം സുഗമമായി നടത്താൻ സാധിച്ചിട്ടുണ്ട്.
ഓരോ ഉത്സവ ദിവസത്തിലെയും പ്രധാന വെല്ലുവിളികളിലൊന്ന് വാഹന പാർക്കിംഗ് സൗകര്യമാണ്. ഈ പ്രശ്നത്തിന് പരിഹാരമായി ഇത്തവണ 2000 വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ സാധിക്കുന്ന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ, 67 സെൻറ് സ്ഥലം കൂടി പാർക്കിങ്ങിനായി പുതുതായി വാങ്ങിയിട്ടുണ്ട്.
ഉത്സവ നഗരിയിലും ഒരു കിലോമീറ്റർ ചുറ്റളവിലും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ന്യൂ ഇന്ത്യാ ഇൻഷുറൻസ് കമ്ബനിയുമായി 12 കോടി രൂപയുടെ കരാർ ഒപ്പുവച്ചതായി കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി എൻ. പ്രശാന്ത് അറിയിച്ചു.
ഭക്തജനങ്ങള്‍ക്ക് ആവശ്യമായ ശുദ്ധജലം, താമസ സൗകര്യം, സുരക്ഷ, ശുചിത്വം, മാലിന്യ സംസ്കരണം തുടങ്ങിയ എല്ലാ സംവിധാനങ്ങളും ശാസ്ത്രീയമായ രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്. പ്രസാദ വിതരണത്തിനായി കൂടുതല്‍ കൗണ്ടറുകള്‍ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്താ സമ്മേളനത്തില്‍ എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുല്‍, മാനേജർ കെ. നാരായണൻ, ചന്ദ്രശേഖരൻ എന്നിവരും പങ്കെടുത്തു.