
കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ അന്വേഷണ കൗണ്ടർ നിർത്തലാക്കിയതോടെ യാത്രക്കാർക്ക് ദുരിതം. പുതിയ കെട്ടിടം വന്ന ശേഷം എവിടെ, ഏതു വണ്ടി പാര്‍ക്ക് ചെയ്യുമെന്നു നിശ്‌ചയമില്ലാത്ത ഡിപ്പോയില്‍ അന്വേഷണ കൗണ്ടര്‍ കൂടി ഇല്ലാതാകുന്നതോടെ യാത്രാ ദുരിതം ഏറുമെന്ന് ഉറപ്പ്.
അന്വേഷണ കൗണ്ടറിലിരിക്കുന്ന കണ്ടക്‌ടര്‍മാരെയും ഡ്രൈവര്‍മാരെയും സര്‍വിസിനുപയോഗിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണു നടപടി. ബുക്കിങ്ങ് കേന്ദ്രം മാറ്റുകയും പ്രവര്‍ത്തന സമയം കുറയ്‌ക്കുകയും ചെയ്‌തു.അതേസമയം സ്‌റ്റേഷന്‍ മാസ്‌റ്ററുടെ ഓഫിസ് പ്രവര്‍ത്തിക്കും. ബസുകളുടെ വിവരങ്ങള്‍ വിളിച്ചുപറയലും ഇനിയുണ്ടാവില്ല. സര്‍ക്കാര്‍ തലത്തിലുള്ള മാറ്റമാണിതെന്നും പകരം സംവിധാനം ആലോചിക്കുന്നുണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്. ഫോണ്‍ കോള്‍ നിര്‍ദേശം വഴിയാണ് ഇവയെല്ലാം പ്രവര്‍ത്തനം അവസാനിപ്പിച്ചതെന്ന് ആക്ഷേപമുണ്ട്.അന്വേഷണകൗണ്ടറില്‍ കണ്ടക്‌ടര്‍മാരെയോ ഡ്രൈവര്‍മാരെയോ ആണു നിയോഗിക്കാറുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍ മൂന്നുപേര്‍ ഡ്യൂട്ടിക്കുവേണം. പൊതുവേ ജീവനക്കാര്‍ കുറവായതിനാല്‍ ഇവരെ ലൈനിലേക്കു മാറ്റാനാണു നിര്‍ദേശം. മുന്നറിയിപ്പില്ലാതെ കൗണ്ടര്‍ നിര്‍ത്തലാക്കിയതോടെ യാത്രക്കാരാണു വലഞ്ഞത്. ബസ് സമയം അറിയാനോ ഏതൊക്കെ ബസ് എത്തിയെന്നോ എപ്പോള്‍ പുറപ്പെടുമെന്നോ അറിയാന്‍ ഒരു വഴിയുമില്ല. കോട്ടയം ഡിപ്പോയില്‍ പുതിയ കെട്ടിടത്തിലാണു സ്‌റ്റേഷന്‍ മാസ്‌റ്ററുടെ ഓഫിസിനോടുചേര്‍ന്നാണ് കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. മുന്നില്‍ ബസുകള്‍ വരിവരിയായി ബസ് നിര്‍ത്തിയിട്ടാല്‍ അപ്പുറത്തുവന്നുനില്‍ക്കുന്ന ബസുകള്‍ ശ്രദ്ധയില്‍ പെടില്ല. നേരത്തെ, വിളിച്ചുപറയല്‍ ഉണ്ടായിരുന്നതുകൊണ്ട് അറിയാമായിരുന്നു. അതേ സമയം പകരം സംവിധാനം എന്താണെന്നോ എന്നുവരുമേന്നാ അധികൃതര്‍ക്ക് അറിയില്ല.
ബുക്കിങ് സംവിധാനമുള്‍പ്പെടെ സ്വകാര്യ മേഖലയിലേക്കു മാറ്റാന്‍ നേരത്തെ സംസ്‌ഥാന തലത്തില്‍ ടെന്‍ഡര്‍ നടപടികള്‍ നടന്നിരുന്നുവെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല. മധ്യകേരളത്തില്‍ രാത്രി, പകല്‍ ഭേദമെന്യേ തിരക്കുള്ള സ്‌റ്റേഷനാണു കോട്ടയം. മുഴുവന്‍ സമയവും സ്‌റ്റാന്‍ഡില്‍ യാത്രക്കാരുണ്ടാകും. കുമളി, തെങ്കാശി, മധുര തുടങ്ങിയ പ്രദേശങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകളുള്ളതിനാല്‍ തമിഴ്‌നാട് സ്വദേശികളും യാത്രക്കാരായി എത്താറുണ്ട്. ഇവര്‍ക്ക് അന്വേഷണ കൗണ്ടറായിരുന്നു പ്രധാന ആശ്രയം.
കഴിഞ്ഞദിവസം രാത്രി 9 മണിയോടെ സ്ഥിരം യാത്രക്കാരനും കെഎസ്‌യു ജില്ലാ പ്രസിഡൻറുമായ കെ എൻ നൈസാം സ്റ്റേഷനിൽ പ്രതിഷേധിച്ചതോടെയാണ് ഈ വിവരം പുറത്തുവന്നത്. സ്ഥിരം രാത്രി 9 മണിയുടെ കുമളി ബസ്സിലെ യാത്രക്കാരനായ നൈസാം രാത്രിയിൽ എത്തിയപ്പോൾ അന്വേഷണ സംവിധാനം ഇല്ലാതെ യാത്രക്കാർ വലയുന്നത് കണ്ടാണ് അദ്ദേഹം വിഷയത്തിൽ ഇടപെട്ടത്. അദ്ദേഹം പ്രതിഷേധിച്ചതോടെ മറ്റു യാത്രക്കാരും കൂടെ കൂടി. ആദ്യം വഴങ്ങാതിരുന്ന സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രതിഷേധം കനത്തതോടെ നൈസാമിനെ ചർച്ചയ്ക്ക് ക്ഷണിച്ചു. വിഷയം അടിയന്തരമായി പരിഹരിക്കണമെന്നും യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് നൈസാം ആവശ്യപ്പെട്ടതോടെ സർക്കാർതലത്തിലെ തീരുമാനമാണ് എന്നും കണ്ടക്ടർമാരെയും അന്വേഷണ കൗണ്ടറിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരെയും ലൈനിലേക്ക് വിടുവാൻ വാക്കാൽ ഉള്ള ഉത്തരവുണ്ടെന്ന് അവർ വെളിപ്പെടുത്തി.
യാത്രക്കാരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും അന്വേഷണ കൗണ്ടർ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് പരാതി നൽകുമെന്നും കെഎസ്‌യു ജില്ലാ പ്രസിഡൻറ് കെ എം നെെസാം ഫ്ലാഷ് കേരള ന്യൂസിനോട് പ്രതികരിച്ചു.