
താരസംഘടനയായ ‘അമ്മ’യില്‍ നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് നടൻ മോഹൻലാല്‍ ഉറച്ച നിലപാടെടുത്തതോടെ സംഘടന തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്.അഡ്‌ഹോക് കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവില്‍ പരിഗണിക്കുന്ന ബാബുരാജിനെതിരെ ഒരു വിഭാഗം അംഗങ്ങള്‍ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ബാബുരാജിനെതിരെ പീഡന ആരോപണങ്ങളും കേസുകളും ഉയർന്ന സാഹചര്യത്തിലാണ് ഈ വിമർശനങ്ങള്‍.
ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ ഗോകുലം കണ്‍വെൻഷൻ സെന്ററില്‍ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെക്കുറിച്ചുള്ള ചർച്ചകള്‍ നടന്നത്. എന്നാല്‍, 500-ല്‍ അധികം അംഗങ്ങളുള്ള സംഘടനയില്‍ പകുതിയോളം പേർ പോലും യോഗത്തില്‍ എത്തിയില്ല. മുഴുവൻ അംഗങ്ങളുടെയും പിന്തുണയില്ലാതെ പ്രസിഡന്റ് സ്ഥാനത്ത് നില്‍ക്കില്ലെന്ന മോഹൻലാലിന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. സീനിയർ അംഗങ്ങള്‍ ഉള്‍പ്പെടെ മോഹൻലാലിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരാളുടെ പോലും എതിർപ്പുണ്ടെങ്കില്‍ താൻ പ്രസിഡന്റ് സ്ഥാനത്തുണ്ടാകില്ലെന്ന് മോഹൻലാല്‍ ആവർത്തിച്ച് വ്യക്തമാക്കി.
സംഘടന പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ മോഹൻലാല്‍ തുടരണമെന്ന് യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അഡ്‌ഹോക് കമ്മിറ്റിയുടെ കാലാവധി ഇനി മൂന്ന് മാസമേയുള്ളൂ. നേരത്തെ, തിരഞ്ഞെടുപ്പില്ലാതെ തന്നെ ഭാരവാഹികളെ തീരുമാനിക്കാനായിരുന്നു കമ്മിറ്റി ശ്രമിച്ചത്. എന്നാല്‍, ഇന്നത്തെ ജനറല്‍ ബോഡിയില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടെന്നും പിന്നീട് നടത്തുമെന്നുമാണ് അഡ്‌ഹോക് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.