
ഡിജിപിൻ എന്നറിയപ്പെടുന്ന സംവിധാനമായിരിക്കും ഇനി മുതല്‍ പുതിയ അഡ്രസ് സംവിധാനമായി പ്രവർത്തിക്കുക. ഇതു വഴി മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ കഴിയും. തപാല്‍ വകുപ്പ് പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമാണ് ഡിജിപിൻ സംവിധാനം.
പത്ത് ഡിജിറ്റുള്ള ആല്‍ഫന്യൂമറിക് കോഡാണ് ഡിജിപിൻ. പിൻകോഡുകള്‍ വിശാലമായ ഒരു പ്രദേശത്തെയാണ് പ്രതിധാനം ചെയ്തിരുന്നതെങ്കില്‍ ഡിജിപിന്‍ വഴി മേല്‍വിലാസത്തിന്‍റെ കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകതയായി തപാല്‍ വകുപ്പ് ചൂണ്ടികാണിക്കുന്നത്. ഓരോരുത്തരുടെയും ഡിജിപിന്‍ സര്‍ക്കാര്‍ പ്രത്യേകം തയാറാക്കിയ വെബ്‌സൈറ്റിലൂടെ അറിയാന്‍ സാധിക്കും.
ഡിജിപിൻ സംവിധാനം മുഖേന പോസ്റ്റല്‍ സർവീസ്, കൊറിയറുകള്‍ എന്നിവ എളുപ്പമാക്കുന്നതിനോടൊപ്പം അടിയന്തര സാഹചര്യങ്ങളില്‍ പൊലീസ്, ആംബുലന്‍സ്, ഫയര്‍ ഫോഴ്സ് എന്നീ സേവനങ്ങള്‍ ലഭ്യമാകുന്നതിനും ഉപയോഗിക്കാം. ഇതിലൂടെ അതിവേഗത്തില്‍ ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നതാണ്. ആമസോണ്‍, ഫ്ലിപ്കാർട്ട് പോലെയുള്ള ഓണ്‍ലൈന്‍വെബ്‌സൈറ്റുകള്‍ വഴി ഷോപ്പിങ് നടത്തുന്നവര്‍ക്കും ഡിജിപിന്‍ ഉപയോഗപ്രദമാകും.
ഐ.ഐ.ടി ഹൈദരാബാദ്, എ.ആര്‍.എസ്.സി, ഐ.എസ്.ആര്‍.ഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യൻ തപാല്‍ വകുപ്പ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഇത് ലഭ്യമാകും.
ഡിജിപിൻ ലോഗിൻ ചെയ്യുന്ന രൂപം
1-https://dac.indiapost.gov.in/mydigipin/home എന്ന പേജ് തുറക്കുക.
2-നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ കണ്ടുപിടിച്ച് അതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ പേജിന്റെ വലത് ഭാഗത്ത് താഴെയായി ആ സ്ഥലത്തിന്റെ ഡിജിപിൻ ലഭിക്കും. നാല് മീറ്റര്‍ ചുറ്റളവിലുള്ള കൃത്യമായ ലൊക്കേഷന്‍ ഇതുവഴി അറിയാനാകും.