
കൊച്ചി നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിലാണ് സ്മാർട്ട് സിറ്റി മിഷൻ പദ്ധതികൾ പൂർത്തീകരിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയിൽ പൂർത്തീകരിച്ച കൽവത്തി ഹയർസെക്കണ്ടറി സ്കൂൾ, കോഞ്ചേരി പാലം, കൽവത്തി സ്മാർട്ട് റോഡ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തുരുത്തി ടവർ, ഫോർട്ട് കൊച്ചി ഹോസ്പിറ്റൽ, മട്ടാഞ്ചേരി ഹോസ്പിറ്റൽ, മട്ടാഞ്ചേരി പാർക്ക് തുടങ്ങിയ കൂടാതെ 80 കോടിയുടെ റോഡുകൾ മാത്രം സ്മാർട്ട് സിറ്റി പദ്ധതിക്ക് കീഴിൽ കൊച്ചി നഗരത്തിൽ പണിപൂർത്തിയാക്കിയിട്ടുണ്ട്. നഗരം മുഴുവൻ സ്മാർട്ട് എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി 40 കോടിയുടെ പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. അഞ്ചു കോടിയുടെ അമരാവതി സ്പാർക്ക് റോഡ്, ക്യൂൻസ് വാൾ വാക്‌വേ തുടങ്ങി 10 പദ്ധതികൾ കൂടി അടുത്ത ആറുമാസത്തേക്ക് സ്മാർട്ട് സിറ്റിക്ക് കീഴിൽ പൂർത്തിയാകുന്നുണ്ട്. ഈ പദ്ധതികളെല്ലാം സ്മാർട്ട് സിറ്റിക്ക് കീഴിൽ ഗംഭീരമായാണ് നടന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ഗംഭീരമായിട്ടാണ് കൽവത്തി ഹയർസെക്കണ്ടറി സ്കൂളിന്റെയും മറ്റും നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. സി എസ് എം എൽ സിഇഒ ഷാജി വി നായർ മികച്ച നേതൃത്വമാണ് നൽകിയിരിക്കുന്നത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒന്നിച്ചു നിന്നാൽ എങ്ങനെ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താം എന്നതിൻ്റെ തെളിവാണ് ഈ പദ്ധതികൾ.
കൊച്ചി സ്മാർട്ട് സിറ്റിക്ക് കീഴിൽ 1070 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. 500 കോടി കേന്ദ്ര വിഹിതവും 500 കോടി സംസ്ഥാന വിഹിതവും 70 കോടി കോർപ്പറേഷൻ വിഹിതവുമാണ്. 857 കോടിയുടെ പദ്ധതികൾ പൂർത്തീകരിച്ചു. ബാക്കിയുള്ള 10 പദ്ധതികൾ ആറുമാസം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. തുക ഫലപ്രദമായി വിനിയോഗിക്കാൻ കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡിന് കഴിഞ്ഞിട്ടുണ്ട്.
കൊച്ചി പോലൊരു വലിയ നഗരത്തിൽ ശുചിത്വത്തിന് വളരെ പ്രാധാന്യമുണ്ട്. സർക്കാരി കോർപ്പറേഷനും ശുചിത്വം നിലനിർത്താൻ എല്ലാം ചെയ്തിട്ടുണ്ട്. അത് വൃത്തിയോടെ സൂക്ഷിക്കണം. ബ്രഹ്മപുരത്ത് തീപിടുത്തം ഉണ്ടായ സമയത്ത് പറഞ്ഞ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് ബ്രഹ്മപുരത്തെ ആപത്തിനെ, കേരളത്തെ മൊത്തം വൃത്തിയാക്കാനുള്ള അവസരമാക്കി സർക്കാർ മാറ്റുമെന്ന്. രണ്ട് ബ്രഹ്മപുരം ഒരു പൂങ്കാവനം ആക്കി മാറ്റും. ഇത് പറഞ്ഞപ്പോൾ പലരും പരിഹസിച്ചെങ്കിലും 8,28,000 മെട്രിക് ടൺ മാലിന്യം ഉണ്ടായിരുന്നതിൽ ഏഴര ലക്ഷത്തോളം നീക്കം ചെയ്തു. അതായത് 89 ശതമാനം. അസാധ്യമായത് സാധ്യമാക്കി ബ്രഹ്മപുരത്ത് പൂക്കൾ വിരിയിക്കാൻ സാധിച്ചു.
ഹരിത കർമ സേന വീട്ടിൽ നിന്നും മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും റോഡിലും വഴിവക്കിൽ മാലിന്യങ്ങൾ കാണപ്പെടുന്നുണ്ട്. ഇത് മാറണമെങ്കിൽ ജനങ്ങളുടെ ചിന്താഗതി മാറണം. വലിച്ചെറിയൽ അവസാനിപ്പിക്കണെമെന്നും മന്ത്രി പറഞ്ഞു.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സി എസ് എം എൽ 4.72 കോടി ചെലവഴിച്ചാണ് കൽവത്തി ഹയർസെക്കണ്ടറി സ്കൂൾ നിർമ്മാണം പൂർത്തീകരിച്ചത്. കൊച്ചി പൈതൃക മേഖലയെ ടൂറിസ്റ്റുകൾക്ക് കൂടുതൽ ആകർഷണീയമാക്കുന്നതിന്റെ ഭാഗമായി ഗതാഗത അപര്യാപ്തത പരിഹരിക്കാൻ സി എസ് എം എൽ അഞ്ചുകോടി രൂപ മുടക്കിയാണ് കൽവത്തി സ്മാർട്ട് റോഡ് നവീകരിച്ചത്. കോഞ്ചേരി പാലം 2.16 കോടി, ചുങ്കം, സയിദ് മുഹമ്മദ്, കോഞ്ചേരി പാലം 7.39 കോടി എന്നിങ്ങനെയാണ് നവീകരണ ചെലവുകൾ.
കൽവത്തി സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ എം അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി, കെ ജെ മാക്സി എംഎൽഎ എന്നിവർ മുഖ്യാതിഥികളായി. സി എസ് എം എൽ ചീസ് എക്സിക്യൂട്ടീവ് ഓഫീസർ ഷാജി വി നായർ, കൊച്ചി കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ അഷറഫ്, വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ സി ഡി വത്സലകുമാരി, വർക്ക്സ് കമ്മിറ്റി ചെയർപേഴ്സൺ സീന ടീച്ചർ, ടാക്സ് അപ്പീൽ കമ്മിറ്റി ചെയർപേഴ്സൺ മാലിനി കുറുപ്പ്, എജുക്കേഷൻ ആൻഡ് സ്പോർട്സ് കമ്മിറ്റി ചെയർമാൻ വി എ ശ്രീജിത്ത്, കൗൺസിലർമാരായ അഡ്വ ആൻ്റണി കുരീത്തറ, പി എം ഇസ്മുദ്ദീൻ, കെ എ മനാഫ്, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി പി എസ് ഷിബു, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.