
ഹൃദമാണ് എന്റെ സമ്ബാദ്യം; സ്ഥാനമാനങ്ങളല്ല. മറ്റ് പദവികളല്ല- ഇടവത്തിലെ ഉത്രം നാളില്‍ (ജനനം 1941 ജൂണ്‍ ആറിന്) 84-ാം പിറന്നാളുണ്ണുന്ന തേറമ്ബില്‍ രാമകൃഷ്ണൻ വാക്കുകള്‍ സൗമ്യമായി ചുരുക്കി.എന്നാല്‍ അന്നും ഇന്നും പ്രവൃത്തിയിലും വാക്കിലും തേറമ്ബില്‍ സൗമ്യൻ. നിയമസഭാ മുൻ സ്പീക്കർ, മൂന്നു പതിറ്റാണ്ട് നിയമസഭാംഗം, അഭിഭാഷകൻ, കലാ- സാംസ്‌കാരിക- ആദ്ധ്യാത്മിക പ്രവർത്തകൻ, സ്‌കൂള്‍ മാനേജർ… അങ്ങനെ എന്തെല്ലാം വിശേഷണങ്ങള്‍ ഉണ്ടായാലും ‘തൃശൂരിന്റെ ഹൃദയത്തുടിപ്പായി ഞാനുണ്ടല്ലോ” എന്ന ആശ്വാസമാകുന്നു തേറമ്ബിലിന്റെ ആത്മവിശ്വാസം.
പിറന്നാള്‍ വേളയില്‍ പിന്തിരിഞ്ഞു നോക്കുമ്ബോള്‍ എന്തു തോന്നുന്നു എന്ന ചോദ്യത്തിന്, മറുപടി തിരിച്ചും മറിച്ചും അദ്ദേഹം പറഞ്ഞു. അന്നേരം, ഭാര്യ ചന്ദ്രമതി നല്‍കിയ മധുരത്തിന്റെ രസത്തില്‍ ആ കണ്ണുകള്‍ പ്രകാശിതമായി. രാഷ്ട്രീയത്തെക്കുറിച്ച് ചോദിക്കുമെന്ന് മുൻപേ തിരിച്ചറിഞ്ഞ് തേറമ്ബില്‍ പറഞ്ഞു: ‘രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. ലോകത്ത് എന്തെല്ലാം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. മൂല്യച്യുതികള്‍ പലയിടത്തുമുണ്ടാകും. സ്വാഭാവികമാണത്. അസ്ഥിരതയും അക്രമവുമെല്ലാം എല്ലാക്കാലത്തും എല്ലായിടത്തുമുണ്ട്. ചെയ്യുന്നതെല്ലാം നല്ലതാണോ ചീത്തയാണോ എന്നെല്ലാം കാലം തന്നെ തെളിയിക്കട്ടെ.”
കറപുരളാത്ത രാഷ്ട്രീയ വ്യക്തിത്വം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന അപൂർവം നേതാക്കളുടെ മുൻനിരയിലുണ്ടാകും തേറമ്ബില്‍. മൂന്ന് പതിറ്റാണ്ടുകാലം തൃശൂർ തേറമ്ബിലിനോട് ചേർന്നുനിന്നതിന്റെ കാരണവും അതുതന്നെ. ജനസ്വീകാര്യതയുടെ രഹസ്യം തേറമ്ബില്‍ തന്നെ ഇങ്ങനെ പറഞ്ഞുതരും: ‘ഇക്കാലമത്രയും നിലകൊണ്ടത് ജനങ്ങള്‍ക്കിടയിലാണ് എന്നതു തന്നെ. അതാണെന്റെ സംതൃപ്തി. കുറേ കാര്യങ്ങള്‍ ചെയ്തു. കുറെയൊന്നും ചെയ്യാനായില്ല.”
വിശുദ്ധിയില്‍ നെയ്‌തെടുത്ത ഖദറാണ് ഇന്നും ആ ദേഹത്ത്. ആ രാഷ്ട്രീയവിശുദ്ധിയുടെ കാലത്തെ പ്രതിനിധികളാരും ഇന്ന് തൃശൂരിലില്ല. അതുകൊണ്ടാകണം, തേറമ്ബിലിന് പകരക്കാരനില്ലെന്ന് എതിരാളികള്‍ കൂടി പറയുന്നത്. സഹകരണരംഗത്തെ സഹകാരിയായും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അരങ്ങിലും അണിയറയിലും ഓടിനടന്നും വിദ്യാലയം കെട്ടിപ്പടുത്തും വിദ്യാലയഭരണം ഏറ്റെടുത്തും പൊതുപ്രവർത്തന രംഗത്ത് നിറയുകയായിരുന്നു
തൃശൂർ നഗരത്തില്‍ നിന്ന് ആറ് കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള കുറ്റൂരില്‍, മേലൂട്ട് കൃഷ്ണമേനോന്റേയും തേറമ്ബില്‍ നാനിക്കുട്ടി അമ്മയുടെയും ഇളയ മകനായാണ് ജനനം. തൃശൂർ പൂരത്തിന് പ്രത്യേകസ്ഥാനമുള്ള നെയ്തലക്കാവ് ക്ഷേത്രത്തിനു സമീപമാണ് തറവാട്. വടക്കുന്നാഥനിലെ ശംഖധ്വനിയും പുത്തൻപള്ളിയിലെ മണിനാദവും ചെട്ടിയങ്ങാടി പള്ളിയിലെ ബാങ്കുവിളിയുമാണ് തന്റെ ആദ്ധ്യാത്മികവും ആത്മീയവുമായ അനുഭൂതിയെന്ന് തേറമ്ബില്‍ പറഞ്ഞിട്ടുണ്ട്. തേക്കിൻകാട് മൈതാനവും അവിടത്തെ മരങ്ങളും പ്രസംഗമണ്ഡപങ്ങളുമായിരുന്നു ആവേശം.
കേരളവർമ്മ കോളേജില്‍ ഗണിതശാസ്ത്ര ബിരുദത്തിന് പഠിക്കുമ്ബോള്‍ ചെയർമാനായാണ് തുടക്കം. എറണാകുളം, തിരുവനന്തപുരം ലാ കോളേജുകളില്‍ നിന്ന് നിയമപഠനം പൂർത്തിയാക്കി. 1962- ല്‍ അഭിഭാഷകനായി എൻറോള്‍ ചെയ്തു. പുത്തേഴത്ത് ഗോപാല മേനോന്റെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. 1965-ല്‍ അവിഭക്ത കോണ്‍ഗ്രസിന്റെ തൃശൂർ ജില്ലാ സെക്രട്ടറിയായി. കെ.പി.സി.സി മെമ്ബറുമായി. 1968-ല്‍ സംഘടനാ കോണ്‍ഗ്രസില്‍ ഉറച്ചുനിന്നു. 1970-ല്‍ ഗുരുവായൂരില്‍ സംഘടനാ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു പരാജയപ്പെട്ടു.
പിന്നീട് നായർ സർവീസ് സൊസൈറ്റിയില്‍ സജീവമായി. 1975-ല്‍ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്ബറായി. 1977-ല്‍ എൻ.ഡി.പി സ്ഥാനാർത്ഥിയായി ചേർപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1982-ല്‍ എൻ.ഡി.പി സ്ഥാനാർത്ഥിയായി തൃശൂരില്‍ നിന്ന് എം.എല്‍.എയായി. എൻ.ഡി.പിയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ കാരണം അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. 1991 മുതല്‍ തൃശൂരില്‍ നിന്ന് കോണ്‍ഗ്രസ് എം.എല്‍.എ. 1995, 96 കാലത്തും 2004, 2006 കാലത്തും നിയമസഭാ സ്പീക്കറായി. 2011-ലും എം.എല്‍.എയായി. ഡി.സി.സി സെക്രട്ടറി, പ്രസിഡന്റ്, കെ.പി.സി.സി. എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്ബർ, എ.ഐ.സി.സി മെമ്ബർ, കോണ്‍ഗ്രസ് നിയമസഭാ പാർട്ടി ഉപനേതാവ് എന്നിങ്ങനെ വഹിച്ച പദവികള്‍ നിരവധി.
പ്രായം മറന്ന് പൊതുപരിപാടികളില്‍ ഇപ്പോഴും തേറമ്ബില്‍ എത്തും. ജൂണ്‍ ആറിന് ശതാഭിഷേകത്തോട് അനുബന്ധിച്ച് തിരുവമ്ബാടി കൗസ്തുഭം ഹാളില്‍ ഒരു സൗഹൃദവിരുന്ന് ഒരുക്കിയിട്ടുണ്ട്. അതുമാത്രമാണ് പിറന്നാളിന്റെ ആഘോഷം. അയ്യന്തോളിലെ വസതിയില്‍ നിഴല്‍ പോലെ ഭാര്യ ചന്ദ്രമതിയുണ്ട് (റിട്ട, അദ്ധ്യാപിക). മക്കള്‍: ഗീത (ഷാർജ), ഹരിശങ്കർ (സോഫ്റ്റ് വെയർ എൻജിനിയർ യു.എസ്.എ). മരുമക്കള്‍: വിജയൻ പുഴങ്കര (ഷാർജ), സുമിത്ര (യു.എസ്.എ).