
ഇടഞ്ഞുനിൽക്കുന്ന അൻവറിനെ മെരുക്കാൻ രാഹുൽ മാങ്കൂട്ടം നേരിട്ട് എത്തി. ഇന്നലെ രാത്രി 11:45 ഓടുകൂടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ പി വി അൻവറിന്റെ വീട്ടിലെത്തിയത്. തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് മിന്നും താരമായ രാഹുൽ തന്നെ നേരിട്ട് എത്തി അൻവറിനെ അനുനയിപ്പിക്കാൻ ശ്രമിച്ചത് എം സ്വരാജ് കൂടി കളത്തിൽ ഇറങ്ങിയതോടെ മത്സരചിത്രം വ്യക്തമാക്കുകയും മത്സരം കടുപ്പമേറിയതാണ് എന്ന് യുഡിഎഫ് നേതൃത്വം തിരിച്ചറിഞ്ഞതിനാലുമാണ്. മുതിർന്ന നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും അൻവറിനെ ആക്രമിച്ചപ്പോൾ മറ്റൊരു വഴിയിലൂടെ രാഹുൽമാങ്കൂട്ടത്തിലെ ദൗത്യം ഏൽപ്പിച്ചത് ഏതു വിധേനയും അൻവറിനെ കൂടെ നിർത്തുക എന്ന ലക്ഷ്യത്തോടെയാണ്. ഇന്നലെ രാത്രിയോടുകൂടി അൻവർ മത്സരിക്കും എന്ന് കൂടി പ്രഖ്യാപിച്ചതോടെ രക്ഷാദൗത്യം രാഹുലിനെ ഏൽപ്പിക്കുകയായിരുന്നു കെപിസിസി നേതൃത്വം . സന്ദർശനത്തെക്കുറിച്ച് പ്രതികരിക്കുവാൻ രാഹുൽ മാക്കൂട്ടം തയ്യാറായിട്ടില്ല. രാഹുലിന്റെ സന്ദർശനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടുകൂടി അൻവർ കരുതിക്കൂട്ടി രാഹുലിന്റെ സന്ദർശനം വീഡിയോ പകർത്തി മാധ്യമങ്ങൾക്ക് നൽകിയതാണ് എന്നാണ് യുഡിഎഫ് നേതൃത്വം സംശയിക്കുന്നത്. എന്തായാലും അൻവറിന് പിന്നിലുള്ള പിടി യുഡിഎഫ് വിട്ടിട്ടില്ല എന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്