
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്തിനെ അംഗീകരിച്ചാല്‍ അൻവറിനെ അസോസിയേറ്റ് അംഗമാക്കാം എന്നാണ് വാഗ്ദാനം. എന്നാല്‍ ഇതുവരെ അൻവർ ഇതിന് വഴങ്ങിയ മട്ടില്ല. മാത്രമല്ല വിഡി സതീശനെതിരെ അൻവർ രൂക്ഷമായ വിമർശനം ഉന്നയിക്കുന്നത് തുടരുകയുമാണ്.
ഇടതുമുന്നണിയുടെ ഭാഗമായിരിക്കേ രാഹുല്‍ ഗാന്ധി അടക്കം കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തിയ നേതാവാണ് പിവി അൻവർ. അതുകൊണ്ട് തന്നെ അൻവറിനെ മുന്നണിയിലേക്ക് എടുക്കുന്നതില്‍ അണികളില്‍ ഒരു വിഭാഗത്തിന് വലിയ അതൃപ്തിയുണ്ട്. എന്നാല്‍ നിലമ്ബൂരിലെ അൻവറിന്റെ കരുത്ത് പരിഗണിക്കുമ്ബോള്‍ യുഡിഎഫിന് മുന്നില്‍ അദ്ദേഹത്തെ കൂടെ നിർത്തുക എന്നതാണ് വിജയം ഉറപ്പിക്കാനുളള പോംവഴി.
അതിനിടെ പിവി അൻവറിനെ യുഡിഎഫ് മുന്നണിയിലേക്ക് എടുക്കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടൻ മാമുക്കോയയുടെ മകനും അഭിനേതാവുമായ മുഹമ്മദ് നിസാർ മാമുക്കോയ. രാഹുല്‍ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം എന്ന് പറഞ്ഞ ആളെ മുന്നണിയിലെടുക്കരുത് എന്നാണ് നിസാർ മാമുക്കോയ ആവശ്യപ്പെടുന്നത്. ഫേസ്ബുക്കിലാണ് നിസാർ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
നിസാർ മാമുക്കോയയുടെ കുറിപ്പ് വായിക്കാം: ” പ്രിയപ്പെട്ട രാഹുല്‍ജി… എന്റെ രാഷ്ട്രീയം എന്തുമാവട്ടെ. എന്നാലും അങ്ങ് എന്റെ പ്രിയപ്പെട്ട രാജീവ്ജിയുടെ ഓമനപുത്രനും എന്റെ ജീവനായ ഇന്ദിരാജിയുടെ പേരകുട്ടിയും ആണ്. രാഷ്ട്രീയത്തിലെ തിന്മകള്‍ ചെറുതോ വലുതോ ആവട്ടെ. നന്മകള്‍ ഉണ്ടെങ്കില്‍ പ്രവർത്തിക്കട്ടെ. വാക്കുകള്‍ മാറിക്കോട്ടെ തിരുത്തിക്കോട്ടെ അത് രാഷ്ട്രീയം അല്ലേ. ഇലക്ഷനോടൊപ്പം വരുന്ന വാഗ്ദാനപട്ടിക കണ്ടും കൊണ്ടും തൃപ്തിപ്പെട്ട വോട്ടർമാർ അടുത്ത ഇലക്ഷനു വോട്ട് ചെയ്യാൻ കാത്തു നില്‍ക്കുന്നതും ആവട്ടെ..പക്ഷേ രാഹുല്‍ജി അങ്ങ് എനിക്കും കേരളത്തിലെ കോണ്‍ഗ്രസ് കാർക്കും സ്വന്തം ജീവനേക്കാള്‍ ഏറെയാണ്. എന്നാല്‍ അങ്ങയുടെ ഡിഎൻഎ പരിശോധിക്കാൻ പറഞ്ഞ രാഷ്ട്രീയം ഇവിടെത്തെ യുഡിഎഫ് മുന്നണിയില്‍ വരുമ്ബോള്‍ ഞങ്ങള്‍ ഇന്ദിരാജിയെയും രാജീവ് ജിയെയും നെഞ്ചിലേറ്റിയവർ മനസ്സില്‍ തേങ്ങുന്നു…
എന്നെങ്കിലും ഒരുനാള്‍ താങ്കള്‍ നമ്മുടെ പ്രധാനമന്ത്രി ആകും എന്ന പ്രതീക്ഷയോടെ ജീവിക്കുന്നവർക്ക് അവരുടെ അഭിമാനം സംരക്ഷിക്കാൻ താങ്കള്‍ ഇവിടുത്തെ മുന്നണിയോട് പറയണം താങ്കളുടെ തീരുമാനം. താങ്കളുടെയും നെഹ്‌റു കുടുംബത്തിന്റെയും മാനമെങ്കിലും കാത്തു സൂക്ഷിക്കാനും എന്നും കാക്കുന്നവരോടൊപ്പം നിക്കാനും…….. ജയ് ഹിന്ദ്.. ജയ് ഇന്ദിരാജി”.